Friday, September 6, 2019

മലയാളത്തെ മറക്കുന്ന കേരളവും പി.എസ്.സിയും


മലയാളത്തെ  മറക്കുന്ന കേരളവും  പി.എസ്.സിയും

കേരള സർക്കാരിൻറെ  ഭാഷാനയം പി.എസ്.സി.ക്ക്  അംഗീകരിക്കാൻ  എന്താണ്  ഇത്ര വൈമനസ്യം ?ഐക്യ മലയാളി പ്രസ്ഥാനത്തിന്റെ സമരം കേരളം ശ്രദ്ധിക്കേണ്ടതുണ്ട്. പുതുതായി രൂപംകൊള്ളുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകളും പി.എസ്.സി. മലയാളത്തിലും ന്യൂനപക്ഷ ഭാഷകളിലും നടത്തണം എന്നതാണ് അവരുടെ ആവശ്യം. മലയാളികളെപ്പോലെ മാതൃഭാഷയെക്കുറിച്ച് ഇത്രയും അഭിമാനമില്ലാത്ത ഒരു ജനത  വേറെ എവിടെയെങ്കിലും ഉണ്ടാകുമോ? ഭാഷാവകാശം മനുഷ്യാവകാശമാണെന്നും കേരള സർക്കാരിന്റെ ഭാഷാനയം സ്വയംഭരണ സ്ഥാപനമായ പബ്ലിക് സർവീസ് കമ്മിഷൻ (പി.എസ്.സി.) അംഗീകരിക്കണമെന്നുമുള്ള   ന്യായവും ലളിതവുമായ ആവശ്യമാണ്  സമരക്കാർക്കുള്ളത് .മലയാള ഐക്യവേദിയുടെ  സമരം തുടരുകയാണ് .സർക്കാരും പി.എസ് സി യും ഈ  സമരത്തെ  കണ്ടില്ലെന്നു നടിക്കുകയാണ്.സർക്കാർ നയമായിട്ടുപോലും അത് നടപ്പാക്കണമെന്ന തോന്നൽ ബന്ധപ്പെട്ട സംവിധാനങ്ങളിൽപ്പോലും ഉണർന്നു കാണുന്നില്ല. എന്തൊരു അനീതിയാണിത്‌?
‘‘കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്ക്‌ ഞരമ്പുകളിൽ’’ എന്ന് ചൊല്ലിക്കൊണ്ട്  നടക്കുന്നതിൽ കാര്യമില്ല .ഭാഷാ അടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപവത്കരണം നടന്ന് 63 വർഷമായിട്ടും സ്വന്തം ഭാഷയിൽ തൊഴിൽ പരീക്ഷ എഴുതാനുള്ള അവകാശത്തിനായി ഒരു ജനതയ്ക്ക് നിരാഹാര സമരത്തിനിറങ്ങേണ്ടി വരുന്നത് ഗതികേടാണ്.  ഇത്‌ മാതൃഭാഷയോടുള്ള അവഹേളനമാണ്. ഈ തെറ്റായ നയസമീപനം തിരുത്താൻ പി.എസ്.സി. അടിയന്തരമായി തയ്യാറാകണം. ഇതിനായി  ഐക്യ മലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന നിരാഹാരസമരം അവസാനിപ്പിക്കാൻ സർക്കാർ തന്നെയാണ് മുൻകൈ എടുക്കേണ്ടത്.   ഭരണഭാഷയും പഠനഭാഷയും കോടതിഭാഷയുമൊക്കെ മലയാളത്തിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .മാതൃഭാഷപോലെ ജനതയെ ഒന്നിപ്പിക്കുന്ന മറ്റൊരു വികാരമില്ല. 1956 നവംബർ ഒന്നിന്  കേരളപ്പിറവിയോടൊപ്പം തന്നെയാണ് പബ്ലിക്‌ സർവീസ്‌ കമ്മിഷൻ  (പി.എസ്.സി.) ന്റെയും പിറവി.
97 ശതമാനം ജനങ്ങളുടെയും മാതൃഭാഷയിൽ തൊഴിൽപരീക്ഷകൾ നടത്താൻ പി.എസ്.സി. ഇപ്പോഴും വിസമ്മതിക്കുന്നത്  എന്തുകൊണ്ട് ?1937-ൽത്തന്നെ പഠനമാധ്യമം മാതൃഭാഷയാകണമെന്ന് നിർദേശിച്ചു കൊണ്ട് ഗാന്ധിജി ഭാഷാ നവോത്ഥാനത്തെ  സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കി മാറ്റിയിരുന്നു.  ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപവത്കരിക്കപ്പെട്ടപ്പോഴും  പ്രാദേശികഭാഷകളുടെ  വികസനവും വ്യാപനവും നിഷ്‌കർഷയും രാജ്യമാകെ നടന്നപ്പോഴും ഭരണഭാഷ മാറ്റാതെ കേരളം ആംഗലേയത്തോട് പ്രതിപത്തി പുലർത്തി പോരുകയായിരുന്നു .ഇന്ന് മലയാളികളില്‍ പലര്‍ക്കും മലയാളം എഴുതുവാനോ വായിക്കുവാനോ അറിയില്ല എന്ന താണ് മലയാളികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. മലയാളത്തെ പടിക്ക് പുറത്തുനിര്‍ത്തുന്ന പി.എസ്.സിയുടെ കടുംപിടിത്തം അവസാനിപ്പിച്ചേ മതിയാകൂ .

പ്രൊഫ്. ജോൺ കുരാക്കാർ



No comments:

Post a Comment