Wednesday, September 11, 2019

ഭാരതമഹാരാജ്യം ചന്ദ്രയാൻ–2 ദൗത്യത്തിനു നേതൃത്വം നൽകിയ വരോടൊപ്പം


ഭാരതമഹാരാജ്യം  ചന്ദ്രയാൻ2 ദൗത്യത്തിനു നേതൃത്വം നൽകിയ വരോടൊപ്പം

ചരിത്രനേട്ടത്തിനായി ഉറക്കമിളച്ച ഐഎസ്ആര്‍ഓ ഗവേഷകര്‍ അല്‍പം നിരാശരായിയെങ്കിലും  പരാജയപ്പെട്ടിട്ടില്ല .ചില തോൽവികൾക്കു വിജയത്തെ ജയിക്കാനുള്ള ശേഷിയുണ്ടാവും. ഓഗസ്റ്റ് മാസം മുഴുവന്‍ നീണ്ട സഞ്ചാരത്തിലൂടെ കണക്കുകൂട്ടലുകളൊന്നും പിഴയ്ക്കാതെ ഭൂമിയില്‍ നിന്നും ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് റോവറിനെ ഉള്‍ക്കൊള്ളുന്ന ലാൻഡറിനെ വിജയകരമായി എത്തിച്ചത് ഓര്‍ബിറ്ററാണ്. ആ ചുമതല പൂര്‍ത്തിയാക്കിയ ശേഷം തന്റേതായ ജോലിയില്‍ വ്യാപൃതനായി ഓര്‍ബിറ്റര്‍ ചന്ദ്രനെ ചുറ്റിക്കൊണ്ടിരിക്കുകയാണ്. ചന്ദ്രനിൽ സോഫ്റ്റ് ‌ലാൻഡിങ് നടത്തുക എന്ന ലക്ഷ്യത്തിന്റെ അവസാന ഘട്ടം വരെയെത്തിയെങ്കിലും തുടർന്നു സിഗ്നൽ നഷ്ടമാവുകയായിരുന്നു. വിക്രം ലാൻഡറിൽനിന്നു ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ ഉയരത്തിൽ വരെ സിഗ്നലുകൾ ലഭിച്ചെന്നും തുടർന്നു ബന്ധം നഷ്ടമാകുകയായിരുന്നുവെന്നും ഇസ്റോ ചെയർമാൻ ഡോ. കെ. ശിവൻ പറഞ്ഞപ്പോൾ ഒരു നിമിഷം രാജ്യഹൃദയം കലങ്ങിപ്പോയെങ്കിലും ഉടൻതന്നെ ശാസ്ത്രജ്ഞരെ എക്യദാർഢ്യത്തോടെ ചേർത്തുപിടിക്കുകയായിരുന്നു .
ഭാരതീയർ . 2.1 കിലോമീറ്ററിനപ്പുറത്തുള്ള പൂർണവിജയത്തെക്കാൾ വലുതാണ് രണ്ടു വർഷത്തിലേറെ രാപകലില്ലാതെ ക്ലേശിച്ച ശാസ്ത്രജ്ഞരുടെ സമർപ്പണമെന്നു രാജ്യത്തിന് അറിയാമായിരുന്നു.  പ്രധാനമന്ത്രി നരേന്ദ്ര മോദി ശാസ്ത്രജ്ഞരെ നെഞ്ചോടുചേർത്തു പറഞ്ഞത്: ‘ ഉയരത്തിൽനിന്ന് ധീരമായി മുന്നേറുക. നിങ്ങളിലൂടെ ഒട്ടേറെ കാര്യങ്ങൾ ഞങ്ങൾ പഠിച്ചു. ഇതൊരു ചെറിയ നേട്ടമല്ല. ഉയർച്ചയും താഴ്ചയും ജീവിതത്തിന്റെ ഭാഗമാണ്. പ്രതീക്ഷ കൈവിടാതിരിക്കുക. ’ രാഷ്ട്രപതി റാം നാഥ് കോവിന്ദ് അടക്കം ഇന്ത്യ മുഴുവൻ ഒരേ മനസ്സുമായി ഇസ്റോയിലെ ശാസ്ത്രജ്ഞർക്കൊപ്പമുണ്ട്.
അതേസമയം, 3.84 ലക്ഷം കിലോമീറ്റർ യാത്ര ചെയ്തെത്തി ചന്ദ്രന്റെ പ്രതലത്തിനു വെറും 2.1 കിലോമീറ്റർ മാത്രം മുകളിൽ, ഓർബിറ്ററുമായും അതിലൂടെ ഭൂമിയിലെ ഇസ്‌റോ കേന്ദ്രവുമായും ലാൻഡറിനു ബന്ധം നഷ്ടപ്പെട്ടുവെന്നതുകൊണ്ട് ചന്ദ്രയാൻ2 ദൗത്യം പരാജയപ്പെട്ടുവെന്നു പറയാനുമാവില്ല. ചന്ദ്രന്റെ ഭ്രമണപഥത്തിൽ ദൗത്യത്തിന്റെ അടിസ്ഥാനഭാഗമായ ഓർബിറ്റർ കൃത്യതയോടെയും സുരക്ഷിതമായും ഇപ്പോഴും ചന്ദ്രനെ വലംവച്ചു കൊണ്ടിരിക്കുന്നു. ഏഴര വർഷത്തോളം ആയുസ്സുള്ള ഓർബിറ്റർ ചന്ദ്രന്റെ സൂക്ഷ്മചിത്രങ്ങൾ ഉൾപ്പെടെ ഒട്ടേറെ നിർണായക വിവരങ്ങൾ ഭൂമിയിലേക്ക് അയയ്ക്കുമെന്നാണു വിലയിരുത്തൽ.  അപ്രാപ്യമെന്ന്  കരുതിയിരുന്ന  ചന്ദ്രനെ സ്പർശിക്കാനുള്ള ദൗത്യവുമായി  ഭാരതം മുന്നോട്ടുതന്നെ പോകും .
സെപ്റ്റംബര്‍ രണ്ടിനാണ് ഓര്‍ബിറ്ററില്‍ നിന്നും ലാൻഡർ വേര്‍പെട്ടത്. ഓര്‍ബിറ്റര്‍ ചന്ദ്രനെ ഇപ്പോഴും വലം വെച്ചുകൊണ്ടിരിക്കുകയാണ്. ചന്ദ്രോപരിതലത്തെ കുറിച്ചുള്ള വിവിധ പഠനങ്ങള്‍ നടത്താന്‍ ഓര്‍ബിറ്ററിലൂടെ ഇന്ത്യക്ക് സാധ്യമാവും. അതുകൊണ്ട് തന്നെ ചന്ദ്രയാന്‍ രണ്ട് 95 ശതമാനം ലക്ഷ്യങ്ങളും പൂര്‍ത്തീകരിച്ചുവെന്ന് ഐഎസ്ആര്‍ഓ മുന്‍ മേധാവി മാധവന്‍ നായര്‍ പറയുന്നു. ചന്ദ്രയാന്‍ രണ്ട് പദ്ധതിയുടെ നിരവധി ലക്ഷ്യങ്ങളില്‍ ഒന്നുമാത്രമായിരുന്നു ചന്ദ്രനില്‍ ഇറങ്ങി പഠനങ്ങള്‍ നടത്തുക എന്നത്. എങ്കിലും ആരും ചെന്നെത്തിയിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ നിന്നുള്ള വിവരങ്ങള്‍ പ്രദേശത്തെ ഭാവി ഗവേഷണ ദൗത്യങ്ങള്‍ക്ക് നിര്‍ണായകമാവുമായിരുന്നു. ചന്ദ്രനിലിറങ്ങാനുള്ള ഇന്ത്യയുടെ സ്വപ്‌നങ്ങള്‍  വിജയിക്കുകതന്നെ ചെയ്യും

പ്രൊഫ്. ജോൺ കുരാക്കാർ



No comments:

Post a Comment