Saturday, October 5, 2019

പരമോന്നത കോടതി ആവർത്തിച്ച് അംഗീകരിച്ച സഭാതലവനെഅധിക്ഷേപിക്കാനാണോ "രണ്ടാം കുനൻ കുരിശ് വടം വലി



പരമോന്നത കോടതി ആവർത്തിച്ച് അംഗീകരിച്ച സഭാതലവനെ
അധിക്ഷേപിക്കാനാണോ "രണ്ടാം കുനൻ കുരിശ്  വടം വലി "

റോമൻ കോളനിവൽക്കരണ ശ്രമത്തിന് മലങ്കര മാർത്തോമ്മാ നസ്രാണികൾ അന്ത്യം കുറിച്ച സംഭവമാണ് കൂനൻ കുരിശ് സത്യം.സുപ്രീംകോടതി വിധിക്കെതിരെ യാക്കോബായക്കാർ നടത്തുന്ന  പ്രതിഷേധ സമരത്തിന്  അവർ  രണ്ടാം  കൂനൻ കുരിശ് സത്യം എന്ന്  പേരിടുന്നു .പിറന്നു വീണ മണ്ണും, പരിശുദ്ധ മാർത്തോമ്മ ശ്ശീഹ കാട്ടി തന്ന വിശ്വാസവും പാരമ്പര്യവും ഒരു വൈദേശിക ശക്തിക്കു മുൻപിലും ജീവനുള്ളത്തോളം കാലം അടിയറവു പറയില്ല എന്ന് പ്രഖ്യാപിച്ച കൈസ്തവ സ്വാതന്ത്യ സമരമാണ്  കൂനൻ കുരിശ് സത്യം .1653 ജനുവരി 3-ന് മട്ടാഞ്ചേരിയിൽ നടന്ന കൂനൻകുരിശു സത്യം ചരിത്രഗതി മാറ്റിമറിച്ച ഒരു സംഭവമാണ്. 54 വർഷം നീണ്ട റോമൻ കത്തോലിക്കാ ആധിപത്യം ഈ ജനകീയ മുന്നേറ്റത്തിലൂടെ മലങ്കരസഭ തൂത്തെറിഞ്ഞു എന്നതിലുപരി, ഇന്ത്യൻ മണ്ണിൽ പാശ്ചാത്യർക്കെതിരെ നടന്ന ആദ്യ സ്വാതന്ത്ര്യ സമരമായാണ് ഇതിനെ കണക്കാക്കുന്നത് .

കേരളത്തിലെ ആദ്യകാല ക്രിസ്ത്യാനികൾ അധികവും തോമാശ്ലീഹയുടെ കാലത്ത് മതപരിവർത്തനം നടത്തിയ യഹൂദന്മാരും നാട്ടുകാരും, മദ്ധ്യപൗരസ്ത്യ ദേശത്ത് നിന്നും മറ്റും കുടിയേയി വന്നവരും ആയിരുന്നു. പ്രാദേശികമായ ആചാരങ്ങൾ അവർക്കിടയിൽ വേണ്ടുവോളം ഉണ്ടായിരുന്നു. അന്നത്തെ രാജാക്കന്മാരുടെ കാലത്ത് അവർക്ക് പ്രത്യേകം പരിഗണനകൾ കിട്ടിയിരുന്നു.കേരളത്തിലെ ക്രിസ്ത്യാനികളെ പൂർണ്ണമായും തങ്ങളുടെ വരുതിയിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ പോർട്ടുഗീസുകാർ ബോധപൂർവം നടത്തിയിരുന്നു .മട്ടാഞ്ചേരി കമ്പോളത്തിലുണ്ടായിരുന്നവലിയ കൽകുരിശിൽ കയറുകെട്ടി 2500 ആളുകൾ ഒരുമിച്ചു അതിൽ പിടിച്ചു സത്യം ചെയ്യുകയായിരുന്നു .കയറിൽ കെട്ടിവലിച്ചതിന്റെ ആഘാതത്തിൽ കുരിശു ഒരുവശത്തേക്കു ചരിഞ്ഞു അതിനെയാണ് പിൽക്കാലത്തു കൂനൻ കുരിശു സത്യമെന്ന് അറിയപ്പെട്ടത് .
കോതമംഗലത്ത് യാക്കോബായക്കാർ നടത്തുന്ന  സമരത്തിന്  കൂനൻ കുരിശ്  സത്യം  എന്ന് പറയുന്നത്  ചരിത്രത്തെ വികലമാക്കുന്നതിന് തുല്യമാണ് .അത്  ഒരു വടം വലിയായി കണക്കാക്കിയാൽ മതിയാകും . യാക്കോബായക്കാർ  രണ്ടാം കൂനൻ കുരിശ്  എന്നു പറഞ്ഞു നടക്കാതെ  പാത്രിയർക്കീസ് വിഭാഗത്തിന് അനുകൂലമായ നിയമനിർമ്മാണം കൊണ്ടു വരാൻ ശ്രമിക്കുക .
രണ്ടാം കൂനൻ കുരിശ് വലി  വിശ്വാസികളെ വീണ്ടും വീണ്ടും കോമാളികൾ ആക്കാനേ ഉപകരിക്കൂ . വിദേശ ആധിപത്യത്തിന് എതിരെ ആയിരുന്നല്ലോ  കൂനൻ കുരിശ് സത്യം .രണ്ടാം കുരിശ് സത്യം പരിശുദ്ധ അന്ത്യോക്യ സിംഹാസനത്തെ കൈവെടിയുകയില്ല എന്ന്  പറയാൻ വേണ്ടിയല്ലേ ? അതും വിദേശ ആധിപത്യമല്ലേ ?രണ്ടാം കൂനംകുരിശ് സത്യാഗ്രഹം ഒക്ടോബർ 6ന് കോതമംഗലത്ത് നടക്കുമെന്ന് യാക്കോബായക്കാർ പറയുന്നു  പടകുതിരയുടെ ഭാഷ പഴയതുതന്നെയല്ലേ ?
രണ്ടാം കൂനൻകുരിശ് സത്യം" ഒരു  ചരിത്രാഭാസമാകില്ലേ ? സംഘാടകർ  മറുപടി പറയണം  ചരിത്രത്തെ വളച്ചൊടിക്കുകയും വ്യാജ ചരിത്രം ഉണ്ടാക്കുകയുംചെയ്യുന്നത്  ശരിയല്ല  ചരിത്രത്തെ തെറ്റായി വിശദീകരിക്കുകയും അണികളെ തെറ്റിദ്ധരിപ്പിക്കുകയും അവരുടെ ബുദ്ധിയെ മരവിപ്പിച്ചുകൊണ്ടു വികാരത്തെ ഉണർത്തി ഇന്ത്യ മഹാരാജ്യത്തെ പരമോന്നത കോടതി ആവർത്തിച്ച് അംഗീകരിച്ച സഭാ തലവനെ അധിക്ഷേപിക്കുകയും ചെയ്യുന്ന  കാഴ്ചയാണ് അടുത്തകാലത്തായി കാണുന്നത് .അതുകൊണ്ടു സുബോധമുള്ള വിശ്വാസികൾ ഇത്തരത്തിലുള്ള പ്രകടനങ്ങളെ അവഗണിക്കാൻ  തയാറാകണം

പ്രൊഫ്. ജോൺ കുരാക്കാർ

Friday, October 4, 2019

കേസിൽ തോറ്റിട്ട് ദേവലോകത്തേക്ക്പ്രതിഷേധ മാർച്ച് നടത്തിയ യാക്കോബായക്കാർ

കേസിൽ തോറ്റിട്ട് ദേവലോകത്തേക്ക്പ്രതിഷേധ മാർച്ച് നടത്തിയ യാക്കോബായക്കാർ

കേസിൽ തോറ്റിട്ട് യാക്കോബായക്കാർ ദേവലോകത്തേക്ക്  പ്രതിഷേധ മാർച്ച് നടത്തിയതായി വാർത്തയിൽകണ്ടു . ദേവലോകം അരമനയാണോ  യാക്കോബായക്കാരുടെ നീതി നിഷേധിച്ചത് . സുപ്രീം കോടതിവരെയുള്ള എല്ലാ കോടതികളിലും കോടിക്കണക്കിന് പണം വലിച്ചെറിഞ്ഞു പ്രഗത്ഭരായ വക്കീലന്മാരെ വച്ച്  നിങ്ങൾ കേസ് വാദിച്ചത് നീതി കിട്ടാൻ അല്ലേ ? നീതി കിട്ടേണ്ടത് ദേവലോകം അരമനയിൽ നിന്നാണോ ? ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ നീതി ന്യായ കോടതികൾ ഉണ്ടല്ലോ. അവിടെയല്ലേ നിങ്ങൾ പ്രതിഷേധിക്കേണ്ടിയിരുന്നത് ?45 നീണ്ട വർഷങ്ങൾ കോടതികളിലെല്ലാം കേസ് കൊടുത്ത് നിങ്ങൾ ആയിരുന്നില്ലേ ? പിറവം പള്ളിയുടെ കേസിലും നിങ്ങൾ തന്നെയല്ലേ വാദി ?
കോടതിയായ കോടതിയെല്ലാം കയറിയിറങ്ങി പതിറ്റാണ്ടുകൾ കേസ് നടത്തിയ ശേഷം അതെല്ലാം തോറ്റ ശേഷം നിങ്ങൾ നീതി വാങ്ങുവാൻ ദേവലോകത്താണോ പോകേണ്ടത്?  സഭ യോജിക്കാൻ  താല്പര്യമുണ്ടെങ്കിൽ  മാത്രം  പോയാൽ പോരെ ?യാക്കോബായക്കാർക്കു എന്ത് നീതിയാണ് വേണ്ടത്? ആരാധിക്കാനുള്ള അവകാശമോ? അതിനു യാതൊരു തടസ്സവും ഇല്ല എന്ന് കോടതികൾ എല്ലാ വ്യക്തമാക്കിയിട്ടുണ്ടല്ലോ . പിറവം പള്ളിയിൽ ആരുടേയും ആരാധനാ സ്വാതന്ത്ര്യം ആരും വിലക്കിയിട്ടില്ല. അവിടുത്തെ എല്ലാ കുടുംബങ്ങൾക്കും നിർബാധം ആരാധനയിൽ സംബന്ധിക്കും. കൂദാശാകൾ അനുഷ്ഠിക്കാം . ആരെങ്കിലും തടഞ്ഞോ ?
അന്തിയോഖ്യൻ സുറിയാനി ആരാധന ക്രമം അനുസരിച്ചു തന്നെയുള്ള ആരാധനകളാണ് പിറവം പള്ളിയിൽ നടക്കുന്നത്. ശവ സംസ്കാരം തടയുന്നുവോ ? അവിടെ ആരെങ്കിലും മരിച്ചാൽ ആ വിവരം പള്ളിയുടെ നിയമാനുസൃത വികാരിയെ അറിയിക്കുക . അദ്ദേഹം ഏറ്റവും മാന്യമായി അത് നടത്തി തരും. അതും അന്തിയോഖ്യൻ ശവസംസ്കാര ക്രമം അനുസരിച്ചു തന്നെ. പിന്നെ ആർക്കാണ് നീതി നിഷേധിച്ചത് ? എന്ത് നീതിയാണ് നിഷേധിക്കപ്പെട്ടത് ?മലങ്കര സഭ തർക്കത്തിൽ ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിൽ നിന്ന് വ്യക്തവും സുതാര്യവുമായ ഒരു വിധി പ്രസ്താവന നിലനിൽക്കേ അതിനെ കാറ്റിൽപ്പറത്തിക്കൊണ്ട് രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുവാൻ ശ്രമിക്കുന്ന താരാണ് ? പ്രതിഷേധ മാർച്ചിൽ  പരിശുദ്ധ  കാതോലിക്കാ ബാവയുടെ  കോലം കത്തിക്കുന്നു, ചവിട്ടുന്നു, ചെരുപ്പൂരി .  യാക്കോബായ മെത്രാൻമാർ പങ്കെടുത്ത  മാർച്ചിൽ  ഇത്തരം  സംഭവങ്ങൾ ഉണ്ടായത് വളരെ മോശമായി  പോയി. ഇത്  യാക്കോബായ വിഭാഗത്തിന്  കൂടുതൽ ദോഷം ചെയ്യാനേ ഉപകരിക്കൂ . ഓർത്തഡോൿസ് സഭ  നിലപാട്  കൂടുതൽ കർശനമാക്കാനെ  ഉപകരിക്കൂ .കാതോലിക്കാ ബാവയെ  ഭയപ്പെടുത്തി  എന്തെങ്കിലും നേടാൻ കഴിയുമോ ?  ഭരണഘടനയും, വ്യവസ്ഥയും, വ്യക്തമായ നിർവ്വഹണ സംവിധാനങ്ങളുമുള്ള പ്രസ്ഥാനത്തിൻറെ തലവന്  വഴിവിട്ട് എന്തെങ്കിലും  ചെയ്യാൻ കഴിയുമോ ?
കേസുകൊടുത്തു പരാജയപ്പെട്ടാൽ, വാദി പ്രതിയുടെ വീട്ടുപടിക്കൽ സമരത്തിന് പോകുന്നത് മഹാ വിചിത്രം .യാക്കോബായക്കാരുടേതായി  ഒത്തിരി കാടൻ ഉത്തരവുകൾ  സോഷ്യൽ മീഡിയായിൽ  പ്രചരിക്കുന്നുണ്ട് . പടകുതിരയുടെ ഭാഷ പാത്രിയർക്കീസ് വിഭാഗത്തിന്  വളരെ ദോഷം ചെയ്യുന്നുണ്ട് , അത് അന്ത്യോക്യൻ സംസ്‌കാരമായി പലരും കരുതുന്നു . അണികളെ നിയന്ത്രിക്കാൻ  യാക്കോബായ നേതൃത്വത്തിന് കഴിയുന്നില്ല .1911 മുതല്‍ എല്ലാ കേസുകളും വാദിയായി കോടതിയില്‍ പോയത് പാത്രിയര്‍ക്കീസ് വിഭാഗം ആണ്. 2017 ജൂലൈ 3 വിധി വന്ന കേസില്‍ വരെ വാദി പാത്രിയര്‍ക്കീസ് വിഭാഗം അഥവാ ബാവാ കക്ഷി ആണ് എന്നുള്ള സത്യം ജനങ്ങള്‍ മനസ്സിലാക്കണം.
1958 ല്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി കോടതി ചിലവ് വരെ അനുവദിച്ചുകൊണ്ട് ഉത്തരവായി, എന്നാല്‍ ആ തുക ഈടാക്കുവാനോ വിധി നടപ്പാക്കാനോ ഓര്‍ത്തോഡോക്‌സ് സഭ നിന്നില്ല. യോജിക്കാൻ  താല്പര്യമുണ്ടങ്കിൽ  2002 ല്‍ പുത്തന്‍കുരിശില്‍ യോഗം ചേര്‍ന്ന് ഒരു സൊസൈറ്റി രൂപീകരിച്ചത്  എന്തിനാണ് ? 2017 ജൂലൈ 3 ന്  പരമോന്നത കോടതി യാക്കോബായാക്കാരുടെ എല്ലാ  നിലപാടുകളും തെറ്റാണെന്ന് കണ്ടെത്തി കോടതി തള്ളിക്കളഞ്ഞു. ഒപ്പം അവര്‍ വിഘടിത വിഭാഗമാണെന്നും പള്ളികളില്‍ അവരുടെ സമാന്തര ഭരണം അവസാനിപ്പിച്ചു മലങ്കരസഭയുടെ 1934 ലെ സഭാ ഭരണഘടന പ്രകാരം പള്ളികള്‍ ഭരിക്കപ്പെടണം എന്നും വിധിയെഴുതി . കലഹ - വ്യവഹാര രഹിതമായ ഒരു മലങ്കര സഭ ഉണ്ടാകണമെങ്കില്‍ കോടതി വിധി നടപ്പാക്കിയേ പറ്റൂ.. ഇനിയുള്ള തലമുറ എങ്കിലും കേസുകള്‍ ഇല്ലാതെ കഴിയാന്‍ അത് അനിവാര്യമാണ്. കൂടാതെ പാവപ്പെട്ട വിശ്വാസികളുടെ നേര്‍ച്ചപ്പണത്തിന്  കണക്കും  സുതാര്യതയും വേണം   പള്ളികൾ ഒരു വ്യവസ്ഥാപിത ഭരണ ക്രമീകരണത്തിന് കീഴില്‍ വരികയും ചെയ്യും.

പ്രൊഫ്. ജോൺ കുരാക്കാർ

Wednesday, October 2, 2019

യാക്കോബായവിശ്വാസികൾ യാഥാർഥ്യങ്ങളിലേക്കു മടങ്ങിവരുക



യാക്കോബായവിശ്വാസികൾ യാഥാർഥ്യങ്ങളിലേക്കു മടങ്ങിവരുക

ഒരു കാരണവശാലും ജയിക്കുവാനാകാത്ത കേസുകൾക്കുവേണ്ടി പാവം വിശ്വാസികളെ  പിഴിയുകയാണ് യാക്കോബായ  നേതൃത്വം .അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു സഭയാണ്  ഇന്ത്യൻ ഓർത്തഡോൿസ് സഭ .714 കോടിയാണ്. IOC യുടെ 2019 -20 ബഡ്‌ജറ്റ്‌. പതിറ്റാണ്ടുകൾ കൊള്ളയടിക്കപ്പെട്ട അതിൻറെ പള്ളികൾ തിരികെ വരുമ്പോൾ, ഇത് 1500 കോടിയിലേക്കു അതിവേഗം വളരും. അതിനു കണക്കും അംഗീകൃത ഓഡിറ്റുമുണ്ട്‌.  നല്ല  നിലയിൽ പ്രവർത്തിക്കുന്ന അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളും ,  ആതുരാലയങ്ങളും  ഇന്ത്യയൊട്ടാകെ ജീവകാരുണ്യ പ്രവർത്തനങ്ങളും  ഉണ്ട്. സാമൂഹ്യ പ്രതിബദ്ധമായ പരിപാടികൾ ഉണ്ട്, വികസന പദ്ധതികൾ ഉണ്ട്. അത് ലോകതലത്തിൽ അംഗീകരിക്കപ്പെടുന്നുണ്ട്.വിഘടിച്ചു നിൽക്കുന്ന ഒരു  സാധാരണ വിശ്വാസി നഷ്ട്ടപ്പെട്ടതല്ലാതെ എന്താണ് നേടിയത്?
ഓർത്തഡോക്സ്- യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം ഓർത്തഡോക്സുകാർ കോടതിവിധിയുടെയും വിധി നടപ്പിലാക്കാൻ ബാധ്യതയുള്ള സർക്കാരിന്റെയും പിൻബലത്തോടെ പള്ളിയിലും യാക്കോബായക്കാർ തെരുവിലും കുർബാന അനുഷ്ഠിക്കുന്നിടത്തെത്തിയിരിക്കുന്നു. ഒരേ മാംസത്തിന്റെയും രക്തത്തിന്റെയും അംശികളായ  രണ്ടുകൂട്ടരുടെ അവസ്ഥ  ഇന്ന് വ്യത്യസ്തമാണ്.മലങ്കര നസറാണി മനസിലാക്കേണ്ട കാര്യം ഉണ്ട് സുപ്രീം കോടതി ഒന്നാവാനുള്ള ഒരവസരം ആണ് തന്നിരിക്കുന്നത് ഇവിടെ തോൽവിയോ പരാജയമോ ഇല്ല യോജിച്ചാൽ രണ്ടുകൂട്ടത്തിലും ഉള്ള വിശ്വാസികൾക്ക് നേട്ടം മാത്രമേ ഉണ്ടാവു സഭ ഒന്നായിരുന്നപ്പോൾ ഉണ്ടാക്കിയ പലതും ആണ് ഇന്നും സഭയ്ക്കുള്ളത് എന്നും മനസിലാക്കണം ഒന്നായാൽ മലങ്കര നസറാണി കൾ സമൂഹത്തിലെ ഒരു അവഗണിക്കാനാവാത്ത വിഭാഗം ആയി മാറും എല്ലാ രാഷ്ട്രീയ കാർക്കും മാത്രവുമല്ല പരസ്പരം കലഹിച്ചു വെറുതെ വക്കീലന്മാർക്കും പോലീസ് കാർക്കും കൊടുക്കുന്ന പണം എന്തേലും നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യാം.മലങ്കര നസ്രാണികൾ ഒന്നിച്ചാൽ അതൊരു വലിയ ശക്തിയാണ് അതിനെ ഭയക്കുന്നവർ അതുകൊണ്ടു അതൊരിക്കലും സംഭവിക്കാതിരിക്കാൻ എന്ത് കുത്തിത്തിരിപ്പിനും ശ്രമിക്കും ആലോചിച്ചു നല്ലവണ്ണം ആലോചിച്ചു തീരുമാനങ്ങളെടുക്കുക.

പ്രൊഫ്.ജോൺ കുരാക്കാർ