Friday, July 1, 2016

PROF. JOHN KURAKAR'S SPEEACH ON THE URI AWARD NIGHT

ലോകസമാധാനത്തിന് നമുക്ക് അണിനിരക്കാം
(പ്രൊഫ.ജോണ്‍കുരാക്കാര്‍) 
ലോകസമാധാനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു രാജ്യാന്തര സംഘടനയാണ് യു.ആര്‍.ഐ (യുണൈറ്റഡ് റിലീജിയന്‍സ് ഇനിഷ്യേറ്റീവ്). 2000 ത്തിലാണ് സാന്‍ഫ്രാന്‍സിസ്‌ക്കോ കേന്ദ്രമായി ഈ സംഘടന ആരംഭിച്ചത്. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സംഘടനയാണിത്. മതങ്ങളുടെ ഐക്യം നിലനിര്‍ത്തുന്നതോടൊപ്പം മതപരമായി ഉണ്ടാകുന്നതും ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ കലഹങ്ങളും കലാപങ്ങളും അവസാനിപ്പിക്കാന്‍ പരിശ്രമിക്കുക. സമാധാനത്തിന്റെ ഒരു സംസ്‌കാരവും അന്തരീക്ഷവും ലോകത്ത് സംജാതമാക്കുക.വിവിധ മതങ്ങളില്‍, വിവിധ ആചാരങ്ങളില്‍, സംസ്‌കാരങ്ങളില്‍ ജീവിക്കുന്നവരെ മനസ്സിലാക്കാനും അവരെ ബഹുമാനിക്കാനും തയ്യാറാക്കുക എന്നിവയാണ് യു.ആര്‍.ഐ യുടെ ലക്ഷ്യങ്ങള്‍.
കേരളത്തിലെ യു.ആര്‍.ഐ യുടെ ഏറ്റവും വലിയ യൂണിറ്റാണ് കേരള കാവ്യകലാ സാഹിതി. സ്‌കൂളുകളിലും കോളേജുകളിലുമായി 200 ലധികം യൂണിറ്റുകള്‍ കേരള കാവ്യകലാ സാഹിതിയ്ക്കുണ്ട്. ലോകസമാധാനം , പ്രകൃതി സംരക്ഷണം ഇവയൊക്കെ കേരള കാവ്യകലാ സാഹിതിയുടെയും ലക്ഷ്യങ്ങള്‍ തന്നെയാണ്. 1979 ല്‍ ചാരിറ്റി സൊസൈററി ആക്ട് അനുസരിച്ച് രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും ഉന്നത വിജയം നേടാന്‍ സഹായിക്കുകയും ചെയ്യുന്നതിനുവേണ്ടിയാണ് വിദ്യാലയങ്ങളിലും കലാലയങ്ങളിലും കലാ സാഹിതി യൂണിറ്റുകള്‍ ആരംഭിച്ചിരിക്കുന്നത്.
ശാസ്ത്ര സെമിനാറുകള്‍, കവിയരങ്ങുകള്‍, സാഹിത്യ ശില്പശാല, പ്രകൃതി പഠന യാത്രകള്‍, ആരോഗ്യ ക്ലാസുകള്‍, സൗജന്യ ചികിത്സാ ക്യാമ്പുകള്‍, വിജ്ഞാന പരീക്ഷകള്‍, മതസൗഹാര്‍ദ്ദറാലികള്‍, ഊര്‍ജ്ജ സംരക്ഷണ ക്ലാസ്സുകള്‍, സര്‍വ്വമത സമ്മേളനങ്ങള്‍, കലാ മത്സരങ്ങള്‍, സംഗീത സായാഹ്നം തുടങ്ങിയവ കാവ്യ കലാസാഹിതിയുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു.
മതങ്ങള്‍ തമ്മിലുള്ള സൗഹൃദവും കൂട്ടായ്മയും കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കേരള കാവ്യകലാസാഹിതി കരുതുന്നു. എല്ലാ മതങ്ങളെയും ആദരിക്കാനും ബഹുമാനിക്കാനും അവരവരുടെ മതത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കാനും കാവ്യകലാ സാഹിതി യുവാക്കളെ പ്രേരിപ്പിക്കുന്നു.
ആകാശത്ത് നിന്ന് പെയ്യുന്ന മഴ ഭൂമിയില്‍ പതിച്ച് നാനാസ്ഥാനങ്ങളില്‍ നിന്ന് ഉറവയെടുത്ത് ഒഴുകുന്ന അരുവികള്‍, തോടുകള്‍, പുഴകള്‍, നദികള്‍ ഇവയെല്ലാം ഒന്നിച്ച് ഒഴുകി സാഗരത്തില്‍ പതിക്കുന്നതു പോലെ വിഭിന്നരും സവിശേഷരുമായ മനുഷ്യര്‍ അവലംബിക്കുന്ന ആദ്ധ്യാത്മിക മാര്‍ഗ്ഗങ്ങള്‍ ഭിന്നമെന്ന് തോന്നുമെങ്കിലും എല്ലാം ഈശ്വരനില്‍ തന്നെ എത്തിച്ചേരുന്നു. ധര്‍മ്മം, നീതി, സത്യം, മനുഷ്യത്വം ഇവയാണ് എല്ലാ മതങ്ങളുടെയും മുഖമുദ്രയെന്ന സത്യം യുവാക്കളും വിദ്യാര്‍ത്ഥികളും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഈ സന്ദേശം കേരള കാവ്യ കലാസാഹിതി കലാലയ യൂണിറ്റുകളിലൂടെ വിദ്യാര്‍ത്ഥികളില്‍ എത്തിക്കുന്നു.
അശാന്തിയുടെ ഇരുള്‍ പരക്കുന്ന ഇന്നത്തെ ലോകത്തിന് വെളിച്ചം പകരാന്‍ യു.ആര്‍.ഐ യുടെയും കാവ്യ കലാസാഹിതിയുടെയും ചുണക്കുട്ടികള്‍ രംഗത്ത് വരണം. മത പ്രേരിതമായ അക്രമങ്ങളും കലഹങ്ങളും ഇനി ലോകത്ത് ഉണ്ടാകാന്‍ അനുവദിക്കരുത്. പ്രകൃതി അമ്മയാണ്. അമ്മയെ സംരക്ഷിക്കാന്‍ മക്കള്‍ രംഗത്ത് വരണം. ലോകമെമ്പാടുമുള്ള മനുഷ്യസ്‌നേഹികള്‍ ഒരു കുടക്കീഴില്‍ ഒന്നിക്കണം.
യു.ആര്‍.ഐ യുടെ 16-ന്  ജന്മദിനാഘോഷത്തോടനുബന്ധിച്ച് സൗത്ത് ഇന്ത്യാ റീജിയന്‍ വിദ്യാഭ്യാസ, സാമൂഹ്യ-സാംസ്‌കാരിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച 12 പേര്‍ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി അദരിക്കുകയാണ്. എല്ലാ ശ്രേഷ്ഠര്‍ക്കും യു.ആര്‍.ഐയുടെ അനുമോദനങ്ങള്‍.

പ്രൊഫ. ജോണ്‍കുരാക്കാര്‍
(ഗ്ലോബല്‍ കൗണ്‍സില്‍ ട്രസ്‌ററി)


No comments:

Post a Comment